കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ഏജന്‍സി വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോര്‍ട്ട്

കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ഏജന്‍സി വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോര്‍ട്ട്. മഞ്ഞപ്പിത്തം വ്യാപകമായ തളിപ്പറമ്പ് മേഖലയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്വകാര്യ കുടിവെള്ള ഏജന്‍സിയുടെ ടാങ്കറും ഗുഡ്സ് ഓട്ടോയും നഗരസഭ ആരോഗ്യവിഭാഗം ഇന്നലെ പിടിച്ചെടുത്തു. കുറുമാത്തൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡ് ചവനപ്പുഴയിലെ കിണറ്റില്‍നിന്നാണ് ഇവര്‍ വെള്ളം ശേഖരിക്കുന്നത് എന്നാണ് വിവരം. ഹാജരാക്കിയ ജല ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം ഈ കിണറ്റിലെ വെള്ളം ശുദ്ധമാണ്. എന്നാല്‍ വിതരണത്തിനെത്തിയ വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഹാജരാക്കിയ ജലപരിശോധനാ റിപ്പോര്‍ട്ട് കൃത്രിമമാണ്. നിര്‍ദിഷ്ട ക്ലോറിനേഷന്‍ നടപടികളോ ശുദ്ധീകരണ പ്രവൃത്തികളോ ഇവിടെ ചെയ്യുന്നില്ലെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി. ഈ കിണര്‍ തുടര്‍ച്ചയായി ക്ലോറിനേഷന്‍ നടത്താനും അധികൃതര്‍ നിര്‍ദേശിച്ചു. തളിപ്പറമ്പ് നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും കുടിവെള്ളമെത്തിക്കുന്നത് ഈ ഏജന്‍സിയാണ്. ഏഴാംമൈലിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഈ ഏജന്‍സി കുടിവെള്ളംവിതരണം ചെയ്തിരുന്ന സമയത്ത് കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായും ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചിരുന്നു.