റായ്പൂരില്‍ സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പതിനാറുകാരിയുടെ കഴുത്തില്‍ തുളച്ച് കയറിയ വെടിയുണ്ട ശാസ്ത്രക്രീയയിലൂടെ നീക്കി. ഛത്തീസ്ഗഡില്‍ ഡിസംബര്‍ 12നുണ്ടായ മാവോയിസ്റ്റ് സുരക്ഷാ സേനാ വെടിവയ്പിനിടെയാണ് 16കാരിക്ക് വെടിയേറ്റത്. ചൊവ്വാഴ്ചയാണ് പരിക്കേറ്റ നിലയില്‍ 16കാരിയെ റായ്പൂരിലെ ഡികെഎസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചത്. ഇവിടെ ഐസിയുവില്‍ കഴിഞ്ഞിരുന്ന 16കാരിയുടെ ശസ്ത്രക്രിയ വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്. 12 അംഗ മെഡിക്കല്‍ വിദഗ്ദ്ധ സംഘമാണ് 16കാരിയുടെ കഴുത്തില്‍ നിന്ന് വെടിയുണ്ട നീക്കിയത്. ഞരമ്പുകള്‍ക്ക് കേടപാടില്ലാതെ വെടിയുണ്ട നീക്കം ചെയ്‌തെങ്കിലും അടുത്ത 48 മണിക്കൂര്‍ 16കാരിക്ക് നിര്‍ണായകമാണെന്നാണ് ഡികെഎസ് ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡേ. ഹേമന്ത് ശര്‍മ്മ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഡിസംബര്‍ 12ന് പുലര്‍ച്ചെ 3 മണിയോടെ ആരംഭിച്ച മാവോയിസ്റ്റ് വേട്ടയില്‍ 7 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേന വിശദമാക്കിയത്. ഇതിനിടെ നാല് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റു. മാവോയിസ്റ്റുകള്‍ ഉപയോഗിച്ച ബാരല്‍ ഗ്രെനേഡ് ലോഞ്ചറില്‍ നിന്നാണ് കുട്ടികള്‍ക്ക് പരിക്കേറ്റതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.