ഉ​ഗാണ്ടയിലെ ബുണ്ടിബു​ഗിയോയിൽ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോർട്ടുകൾ

ഉ​ഗാണ്ടയിലെ ബുണ്ടിബു​ഗിയോയിൽ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോർട്ടുകൾ. പ്രാദേശികമായി ‘ഡിം​ഗ ഡിം​ഗ’ എന്നു വിളിക്കപ്പെടുന്ന രോ​ഗം ഇതിനകം മുന്നൂറോളം പേരെ ബാധിച്ചതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമാണ് രോഗബാധിതരിലേറെയും. ശരീരം വിറച്ച് നൃത്തം ചെയ്യുന്നതുപോലെ അനുഭവപ്പെടുക എന്നതാണ് ഡിം​ഗ ഡിം​ഗ എന്ന പദം കൊണ്ടർഥമാക്കുന്നത്. പനി, അമിതമായി വിറയൽ, ചലനംപോലും തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. നിലവിൽ ആന്റിബയോട്ടിക് നൽകിയുള്ള ചികിത്സയാണ് നൽകിവരുന്നതെന്നാണ് റിപോർട്ടുകൾ. ഇതുവരെ ​ഗുരുതരാവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഒരാഴ്ചയ്ക്കകം തന്നെ രാേ​ഗികൾ സുഖം പ്രാപിച്ച് വരുന്നുണ്ട് എന്നും ഉഗാണ്ട ആരോഗ്യ വിഭാഗം വെളിപ്പെടുത്തി. ബുണ്ടിബുഗിയോയ്ക്ക് പുറത്ത് രാേ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. നിലവിൽ ഉ​ഗാണ്ടയിലെ ആരോ​ഗ്യവിഭാ​ഗം സാമ്പിളുകൾ പരിശോധിച്ച് രോ​ഗകാരണം തേടുകയാണ്. 2023-ന്റെ തുടക്കത്തിലാണ് രോ​ഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.