ആശുപത്രിയിൽ ഓക്സിജൻ പൈപ്പ് മോഷണം പോയതിന്നെ തുടർന്ന് എൻഐസിയുവിലെ 12 നവജാത ശിശുക്കൾ ശ്വാസം കിട്ടാതെ വലഞ്ഞു

മധ്യപ്രദേശിലെ ആശുപത്രിയിൽ ഓക്സിജൻ പൈപ്പ് മോഷണം പോയതിന്നെ തുടർന്ന് എൻഐസിയുവിലെ 12 നവജാത ശിശുക്കൾ ശ്വാസം കിട്ടാതെ വലഞ്ഞു എന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ രാജ്‌ഘൻഡിലെ ജില്ലാ ആശുപത്രിലാണ് സംഭവം നടന്നത്. NICU വിലേക്കുള്ള ഓക്സിജൻ വിതരണം നടത്തുന്ന 15 അടി നീളമുള്ള ചെമ്പ് പൈപ്പ് ചൊവ്വാഴ്ച രാത്രിയാണ് മോഷണം പോയത്. ശ്വാസം കിട്ടാതെ കുഞ്ഞുങ്ങൾ കരയാൻ ആരംഭിച്ചതോടെയാണ് ഐ.സി.യുവിലേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിയെത്തിയത്. അപായ സൂചനയുള്ള അലാറവും ഇതിനിടെ മുഴങ്ങിയിരുന്നു. വിവരമറിഞ്ഞ ആരോഗ്യപ്രവർത്തകർ എന്‍.ഐ.സി.യുവിലേക്കുള്ള ഓക്‌സിജന്‍ വിതരണം ഉടന്‍ തന്നെ പുനഃസ്ഥാപിക്കുകയായിരുന്നു. ഓക്സിജൻ നല്കാൻ ബദല്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ സാഹചര്യത്തെ കാര്യക്ഷമമായി നേരിടാന്‍ കഴിഞ്ഞുവെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി. മോഷണം നടത്തിയത് ആരാണെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.