ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക 53 കാരിയിൽ വിജയകരമായി മാറ്റി വെച്ചതായി മാധ്യമ റിപ്പോർട്ട്. അലബാമ സ്വദേശിയായ ടൊവാന ലൂണ്‍ലി എന്ന വ്യക്തിക്കാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. വൃക്കമാറ്റിവെച്ച് മൂന്നാഴ്ചയ്ക്ക് ശേഷം വൃക്ക വിജയകരമായി പ്രവര്‍ത്തിക്കുന്നതായി ന്യൂയോര്‍ക്കിലെ എന്‍.വൈ.യു ലാങ്കോണ്‍ ആരോഗ്യവിഭാഗം അധികൃതര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ മൃഗത്തിന്റെ അവയവവുമായി ജീവിക്കുന്ന മനുഷ്യനായി ടൊവാന മാറിയെന്നും ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടി. എ.എഫ്.പി വാര്‍ത്താ ഏജന്‍സിയാണ് വാർത്ത പുറത്തുവിട്ടത്ത്. 1999-ല്‍ തന്റെ അമ്മയ്ക്ക് ടൊവാന ഒരു വൃക്ക ദാനം ചെയ്തിരുന്നു. നീണ്ടവര്‍ഷത്തെ ഗര്‍ഭകാല പ്രശ്‌നം കൊണ്ട് ടൊവാനയുടെ രണ്ടാമത്തെ വൃക്ക തകരാറിലായതോടെയാണ് പന്നിയുടെ വൃക്ക വെച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ വൃക്കമാറ്റിവെച്ച രണ്ടുപേരും മരണപ്പെട്ടിരുന്നു. എന്നാൽ പരീക്ഷണം വിജയകരമായത് അവയവത്തിനായി കാത്ത് നില്‍ക്കുന്ന നിരവധി പേര്‍ക്ക് അനുഗ്രഹമാകുമെന്നാണ് കരുതുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.