ഒരു ചുംബനം മരണത്തിന്റെ വക്കിൽ വരെ എത്തിച്ചെന്ന ദുരനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബ്രീട്ടീഷ് എഴുത്തുകാരിയും നിർമാതാവുമായ 28 വയസ്സുകാരി ഫിയോബി കാംബൽ ഹാരിസ്. നൈറ്റ് ക്ലബിൽ വച്ച് കണ്ട സുഹൃത്തിനെ ചുംബിച്ചതോടെ തനിക്ക് മുഖം ചൊറിഞ്ഞുതടിച്ചുവെന്നും ഭക്ഷണവും വെള്ളവും ഇറക്കാൻപോലും കഴിയാതെ തൊണ്ട സാൻഡ് പേപ്പർ പോലെ കുരുക്കൾ വന്ന് തടിച്ചുവെന്നും കാംബൽ പറയുന്നു. ഉടൻ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും മരണത്തിനുവരെ കാരണമായേക്കാവുന്ന അനഫിലാക്സിസ് അലർജി പിടിപെടുകയായിരുന്നുവെന്ന് കാംബൽ ചൂണ്ടിക്കാട്ടുന്നു. ആറ് തവണ ഇതുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ആശുപത്രയിൽ പോവേണ്ടി വന്നുവെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു സംഭവം അലർജിയിലേക്ക് നയിച്ചതോടെ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തുകയാണ് നിലവിൽ ഇവർ. അലർജി പിടിപെട്ട ഉടനെ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്നതാണ് അനഫിലാക്സിസ് അലർജി. കഴുത്ത് തടിച്ച് നീര് വെക്കുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുക, തളർച്ച എന്നിവയെല്ലാമാണ് അനഫിലാക്സിസ് അലർജിയുടെ ലക്ഷണം.