തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളെജിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ നൂതന സ്പെക്റ്റ് സിടി സ്കാനർ പ്രവർത്തനസജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ മാസം 16 മുതൽ ട്രയൽ റണ്ണിന് ശേഷം യൂണിറ്റ് പ്രവർത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാൻസർ രോഗ നിർണയവും ചികിത്സയും അതോടൊപ്പം തൈറോയിഡ്, ഹൃദയം, തലച്ചോറ്, കരൾ, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും രോഗ നിർണയത്തിനും ചികിത്സാ നിരീക്ഷണത്തിനും സാധിക്കും. ഡോക്ടർക്ക് തത്സമയം അവയവങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട് രോഗനിർണയം നടത്തി റിപ്പോർട്ട് നൽകാൻ ഇതിലൂടെ സാധ്യമാകും. സർക്കാർ തലത്തിൽ ഈ സംവിധാനം കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് സജ്ജമാക്കിയിരിക്കുന്നത്. ആർസിസിയിലും എംസിസിയിലും ഇത് സ്ഥാപിച്ചിട്ടുണ്ട്. ന്യൂക്ലിയർ മെഡിസിനിൽ പിജി കോഴ്സ് ആരംഭിച്ച് ചികിത്സ വിപുലപ്പെടുത്താനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.