ആലപ്പുഴയിൽ നവജാത ശിശുവിന് ഒട്ടനവധി വൈകല്യങ്ങൾ ഉണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും

ആലപ്പുഴയിൽ നവജാത ശിശുവിന് ഒട്ടനവധി വൈകല്യങ്ങൾ ഉണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രതിനിധികൾ ഇന്ന് ആലപ്പുഴയിലെത്തും. ആരോഗ്യവകുപ്പ് അഡീഷ്ണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കുഞ്ഞിനെ വിദഗ്ധ സംഘം പരിശോധിക്കും. രാവിലെ 11 മണിക്ക് കുഞ്ഞിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിക്കാൻ കുടുംബത്തിന് നിർദ്ദേശം നൽകി. അതേസമയം ഗര്‍ഭിണിയെ പരിശോധിച്ച സ്വകാര്യ ലാബുകൾക്ക് വീഴ്ച ഉണ്ടായതായി ഡിഎംഒ വ്യക്തമാക്കി. ലാബ് റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സ്‌കാനിങ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറന്നു. സംഭവത്തില്‍ നേരത്തെ തന്നെ ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഉൾപ്പടെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാന് ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. കുഞ്ഞിന് ഗുരുതര വൈകല്യങ്ങളാണ് ഉള്ളത്. ഗര്‍ഭകാലത്ത് സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. ഇത് സംബന്ധിച്ച് കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തിൽ ആരോഗ്യ വിഭാഗം ഡയറക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടി. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഡിഎംഒ ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സൂപ്രണ്ട് ഉടൻ തന്നെ ഡിഎംഒയ്ക്ക് കൈമാറും.