കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിനു സമീപത്തെ ഫ്ളാറ്റ് സമുച്ചയത്തിൽ 27 പേർക്ക് പനിയും ഛർദിയും വയറിളക്കവും എന്ന് റിപ്പോർട്ട്

കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിനു സമീപത്തെ ഫ്ളാറ്റ് സമുച്ചയത്തിൽ 27 പേർക്ക് പനിയും ഛർദിയും വയറിളക്കവും എന്ന് റിപ്പോർട്ട്. രണ്ട് പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. തൃക്കാക്കര നഗരസഭയും ആരോഗ്യവകുപ്പും ഫ്ളാറ്റിൽ ആരോഗ്യസർവേ തുടങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് പനിയും വയറിളക്കവും ഛർദിയും ബാധിച്ച് 27 പേർ ചികിത്സ തേടിയത്. കഴിഞ്ഞ ജൂണിലും ഈ ഫ്ളാറ്റ് സമുച്ചയത്തിൽ കുടിവെള്ളത്തിൽനിന്ന് രോഗബാധയുണ്ടായി അഞ്ഞൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം അസുഖബാധിതരിൽ ചിലർ വാട്‌സാപ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും കൂട്ട അസുഖബാധയാണെന്ന് പുറത്തറിയുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതൽ പേർ ചികിത്സ തേടി. നഗരസഭ ആരോഗ്യ വിഭാഗം ഫ്ളാറ്റിലെ കുടിവെള്ള സാംപിളുകൾ പരിശോധനയ്ക്കു ശേഖരിച്ചു. രോഗബാധിതരുടെ എണ്ണം കൂടുകയാണെങ്കിൽ തിങ്കളാഴ്ച മുതൽ ഫ്ളാറ്റിൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കാനാണ് തീരുമാനം.