എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ വ്യാപന തീവ്രത കണക്കിലെടുത്ത് സംസ്ഥാനത്ത് രോഗപ്പകര്‍ച്ച രണ്ടാഴ്ച നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിനായി പ്രത്യേകസമിതിയെ നിയോഗിക്കും. ഇടവിട്ട് മഴ തുടരുന്നസാഹചര്യത്തില്‍ കൊതുകുനശീകരണത്തിന് പ്രത്യേക ഊന്നല്നല്കി പ്രാദേശികതലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇക്കൊല്ലം ഇതുവരെ 339 പേര് മരിച്ചു. ഇതില്‍ 187 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 11 മാസത്തിനിടെ അയ്യായിരത്തിലധികം പേര് എലിപ്പനിക്ക് ചികിത്സതേടി. ഡെങ്കിപ്പനി ബാധിച്ച് ഇക്കൊല്ലം 129 പേരാണ് മരിച്ചത് . 71,035 പേര് കഴിഞ്ഞദിവസംവരെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. ഒക്ടോബര്‍ 27 വരെ സംസ്ഥാനത്ത് 18,546 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് വിലയിരുത്തല്‍.