മുലപ്പാൽ ദാനത്തിൽ സ്വന്തം ഗിന്നസ് റെക്കോർഡ് തിരുത്തിക്കുറിച്ച് യു.എസിലെ ടെക്‌സാസ് സ്വദേശിനിയായ 36-കാരി അലീസ്‌ ഒഗിൾട്രീ

മുലപ്പാൽ ദാനത്തിൽ സ്വന്തം ഗിന്നസ് റെക്കോർഡ് തിരുത്തിക്കുറിച്ച് യു.എസിലെ ടെക്‌സാസ് സ്വദേശിനിയായ 36-കാരി അലീസ്‌ ഒഗിൾട്രീ.
2,645.58 ലിറ്റർ മുലപ്പാലാണ് യുവതി ദാനംചെയ്തത്. 2014-ൽ 1,569.79 ലിറ്റർ ദാനം നൽകിയ സ്വന്തം റെക്കോർഡാണ് അലീസ്‌ തകർത്തത്. 2010 ൽ ആദ്യ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെയാണ് യുവതി മുലപ്പാൽ ദാനം ചെയ്യാൻ തുടങ്ങിയത്. ഒരു ലിറ്റർ മുലപ്പാൽ മാസം തികയാതെ ജനിക്കുന്ന 11 കുഞ്ഞുങ്ങൾക്ക് സഹായകമാകുമെന്നാണ് കണക്ക്. ഇതുപ്രകാരം 3.50 ലക്ഷം കുഞ്ഞുങ്ങളെ അലീസ് ഇതിനോടകം സഹായിച്ചു. നാല് കുഞ്ഞുങ്ങളുടെ അമ്മയാണെങ്കിലും അലീസ് മുലപ്പാൽ ദാനം ചെയ്യുന്നത് തുടരുകയാണ്. ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും രാത്രിയിലടക്കം 15 മുതൽ 30 മിനുട്ട് നേരം ‌മുലപ്പാൽ നൽകാറുണ്ടെന്ന് യുവതി വ്യക്തമാക്കി. ആളുകളെ സഹായിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, പണക്കാരിയല്ലാത്തതിനാൽ അതിന് സാധിച്ചിരുന്നില്ല. മുലപ്പാൽ ദാനംചെയ്യുന്നത് മാത്രമാണ് തനിക്ക് സാധിക്കുമായിരുന്നതെന്നും ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ അലീസ്‌ വ്യക്തമാക്കിരുന്നു.