അരക്കെട്ടിൽ മുറുക്കിയുടുക്കുന്ന അടിപ്പാവാട സ്ത്രീകളിൽ സ്‌കിൻ കാൻസറിനു കാരണമാവുന്നതായി പഠനങ്ങൾ

അരക്കെട്ടിൽ മുറുക്കിയുടുക്കുന്ന അടിപ്പാവാട സ്ത്രീകളിൽ സ്‌കിൻ കാൻസറിനു കാരണമാവുന്നതായി പഠനങ്ങൾ. പ്രാദേശികമായി ‘പെറ്റിക്കോട്ട് കാൻസർ’ എന്നുവിളിക്കുന്ന അരക്കെട്ടിലെ സ്‌കിൻകാൻസർ ഇന്ത്യൻ ഗ്രാമീണവനിതകളിൽ കൂടുതലായും കാണപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. പരമ്പരാഗത വസ്ത്രമായ സാരി നിത്യേന ഉടുക്കുന്ന സ്ത്രീകളുടെ അരക്കെട്ടിൽ മുറുക്കിയുടുക്കുന്ന പാവാടക്കയർ തൊലിയിൽ ഉരഞ്ഞുണ്ടാകുന്ന വ്രണങ്ങളാണ് പെറ്റിക്കോട്ട് കാൻസറിന് കാരണമാകുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ദീർഘസമയം മുറുക്കിയുടുക്കുന്ന അടിപ്പാവാട അരക്കെട്ടിൽ ഉരഞ്ഞ് മാർജോലിൻ അൾസർ ഉണ്ടാവുകയും അത് അവഗണിക്കപ്പെടുമ്പോൾ സ്‌കിൻ കാൻസറിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. പാവാടക്കെട്ട് മുറുകിയുണ്ടാവുന്ന മുറിവുകൾ കാരണം തൊലിയിൽ നീർക്കെട്ട് രൂപപ്പെടുകയും തൊലിയിൽ വ്രണമുണ്ടാവാനുള്ള സാധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വ്രണങ്ങൾ അതിവേഗം സ്‌കിൻ കാൻസറിലേക്ക് നയിക്കുന്നുവെന്നാണ് ബി.എം.ജെ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കേസ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനായി അയഞ്ഞ അടിപ്പാവാടകൾ ധരിക്കാനാണ് ഉത്തർപ്രദേശിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിലെ ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്.