ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ പടക്കങ്ങളുടെ ഉപയോഗം ഇന്ന് സജീവമാണ്

ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ പടക്കങ്ങളുടെ ഉപയോഗം ഇന്ന് സജീവമാണ്. എന്നാൽ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഇവ അലക്ഷ്യമായി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു ഭയാനക വർത്തയാണ്‌ ഇക്കഴിഞ്ഞ ദീപാവലിയോടനുബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത്. ദീപാവലി ദിനത്തിൽ ദില്ലിയിലെ പല ആശുപത്രികളിലും 280-ലധികം പൊള്ളലേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ വ്യക്തമാക്കി. ഇതിൽ കൂടുതലും പടക്കങ്ങൾ പൊട്ടിത്തെറിച്ചു പരിക്കറ്റ കേസുകളാണ്. രാജ്യത്തെ ഏറ്റവും വലിയ ബേൺ യൂണിറ്റുള്ള സഫ്ദർജംഗ് ഹോസ്പിറ്റലിൽ വ്യാഴാഴ്ച 117 കേസുകളും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 48 കേസുകളും എൽഎൻജെപി ഹോസ്പിറ്റലിൽ 19 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളതായി അധികൃതർ സൂചിപ്പിച്ചു. രോഗികളിൽ 102 പേർക്ക് ചെറിയ തോതിലാണ് പൊള്ളലേറ്റത്. 15 പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. 20 രോഗികൾ 12 വയസ്സിന് താഴെയുള്ള കുട്ടികളാണ്‌. പടക്കം പൊട്ടി കൈക്ക് സാരമായ പരിക്കേറ്റതിനെ തുടർന്ന് അഞ്ച് പേർക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. എയിംസിലെ ആർപി സെൻ്റർ ഫോർ ഒഫ്താൽമിക് സയൻസസ് വിഭാ​ഗത്തിൽ ഒക്ടോബർ 31 ന് കണ്ണിന് പരുക്കേറ്റ് 50 കേസുകളും നവംബർ 1 ന് 30 കേസുകളും റിപ്പോർട്ട് ചെയ്തതായി അധികൃതർ കൂട്ടിച്ചേർത്തു.