സംസ്ഥാനത്ത് ഈ വർഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വൻതോതിൽ വ്യാപകമായതായി റിപ്പോർട്ട്. ഇത്തവണ 6123 പേർക്കാണ് മഞ്ഞപ്പിത്തം സിദ്ധികരിച്ചത്. 61 പേർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. പ്രമേഹം, അമിത രക്തസമ്മർദം, ഫാറ്റിലിവർപോലുള്ള ജീവിതശൈലീരോഗങ്ങൾ സമൂഹത്തിൽ വ്യാപകമാണെന്നതിനാൽ കൂടുതൽ ജാഗ്രത വേണം. ഈ വർഷം കണ്ണൂർ ജില്ലയിൽ 800-ലധികം പേരെ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായാണ് സർക്കാർ റിപ്പോർട്ട് . തളിപ്പറമ്പ്, ചപ്പാരപ്പടവ്, പരിയാരം, മാലൂർ, തൃപ്രങ്ങോട്ടൂർ എന്നീ പ്രദേശങ്ങളിലാണ് രോഗം കൂടുതലായി വന്നത്. തളിപ്പറമ്പിൽ 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് കൂടുതൽ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. 2 മരണം റിപ്പോർട്ട് ചെയ്തു. തളിപ്പറമ്പ് നഗരത്തെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്. ഇതുവരെ 340 മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 50 ഓളം പേർ കിടത്തി ചികിത്സ എടുത്തു. രോഗം ബാധിച്ചവർ വീടുകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് രോഗപ്പകർച്ച തടയുന്നതിനു തടസ്സമായി നിൽക്കുന്നതെന്ന് ഡി.എം.ഒ. വ്യക്തമാക്കി. ടോയ്ലറ്റ് ഉപയോഗശേഷം കൈകാലുകൾ രോഗികൾ നന്നായി കഴുകാത്തതാണ് രോഗവ്യാപനത്തിന് കാരണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൽ കേന്ദ്രീകരിച്ചും ഗൃഹസന്ദർശനത്തിലൂടെ നേരിട്ട് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഡി.എം.ഒ. നിർദേശം നൽകി.പ്രദേശത്തെ കിണറുകൾ, മറ്റ് കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യും. തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്ന ജല സ്രോതസ്സുകൾ നശിപ്പിക്കാനുമാണ് തീരുമാനം.