തിരുവനന്തപുരത്ത് എഴുപത്തിയഞ്ചുകാരന് ചെള്ള് പനിക്ക് സമാനമായ മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് എഴുപത്തിയഞ്ചുകാരന് ചെള്ള് പനിക്ക് സമാനമായ മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയായ എസ് പി മെഡിക്കല്‍ ഫോര്‍ട്ടില്‍ ചികിത്സയിലുള്ള 75 കാരനാണ് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചത്. അപൂര്‍വ്വ രോഗമാണ് മ്യൂറിന്‍ ടൈഫസ്. വയോധികന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിദേശത്തുനിന്ന് എത്തിയതാണ് എഴുപത്തിയഞ്ചുകാരന്‍. സെപ്റ്റംബര്‍ എട്ടിനാണ് എസ് പി ഫോര്‍ട്ടില്‍ ചികിത്സ തേടിയത്. നെക്സ്റ്റ് ജനറേഷന്‍ സീക്വന്‍സിങ് നടത്തിയാണ് രോഗനിര്‍ണയം നടത്തിയത്. ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കാണപ്പെടുന്ന മ്യൂറിന്‍ ടൈഫസ് എന്ന ഈ അസുഖം റിക്കറ്റ് സിയാ ടൈഫി എന്ന ഓര്‍ഗാനിസം മൂലമാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ വളരെ വിരളമായ ഈ രോഗം എലി ചെള്ളിലൂടെയാണ് പകരുന്നത്. പനി, പേശി വേദന, ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഈ രോഗം പകരില്ല എന്നതാണ് ആശ്വാസകരമായ കാര്യം.