ആരോഗ്യ വകുപ്പിന് കീഴിൽ ആദ്യമായി കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർഥ്യമാകും

തിരുവനന്തപുരം കണ്ണാശുപത്രിയ്ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ ആദ്യമായി കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർഥ്യമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് ആദ്യമായി യാഥാർത്ഥ്യമാകുന്നത്. ഒരു ദാതാവിന്റെ കണ്ണിൽ നിന്ന് ലഭിക്കുന്ന ആരോഗ്യമുള്ള നേത്രപടലം കാഴ്ച തകരാറുള്ള മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കോർണിയ മാറ്റിവയ്ക്കൽ. ഗുരുതരമായ രോഗങ്ങൾ കൊണ്ടോ അപകടങ്ങളാലോ കോർണിയ തകരാറിലായവർക്ക് കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അത്തരക്കാർക്ക് കാഴ്ച പുനസ്ഥാപിക്കാൻ സഹായകരമാണ് കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇതിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.