കണ്ണൂരിൽ അങ്കണവാടിയിൽ വീണ് ഗുരുതരമായി തലയ്ക്ക പരുക്കേറ്റ മൂന്നര വയസുകാരന് ജീവനക്കാർ ചികിത്സ ലഭ്യമാക്കിയി‌ല്ലെന്ന് പരാതി

കണ്ണൂരിൽ അങ്കണവാടിയിൽ വീണ് ഗുരുതരമായി തലയ്ക്ക പരുക്കേറ്റ മൂന്നര വയസുകാരന് ജീവനക്കാർ ചികിത്സ ലഭ്യമാക്കിയി‌ല്ലെന്ന് പരാതി. കുട്ടിയെ കൂട്ടാനായി അങ്കണവാടിയിൽ എത്തിയപ്പോഴാണ് പരുക്കേറ്റ വിവരം ജീവനക്കാർ അറിയിച്ചതെന്ന് വീട്ടുകാർ ആരോപിക്കുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ ഉച്ചയ്ക്കാണ് മൂന്നര വയസുകാരൻ അങ്കണവാടിയിൽ വച്ച് വീണ് പരുക്കേറ്റത്. തലയിലുണ്ടായ മുറിവ് ജീവനക്കാർ ഗൗരവമായി എടുക്കുകയോ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല. പരുക്കേറ്റ വിവരം വിളിച്ച് അറിയിക്കുക പോലും ചെയ്തില്ലെന്നും വീട്ടുകാർ പറയുന്നു. രാത്രി പനിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് തലയിൽ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് വ്യക്തമായത്. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതേസമയം പരുക്ക് ഇത്ര ഗുരുതരമാണന്ന് അറിഞ്ഞിരുന്നില്ലെന്നാണ് അങ്കണവാടി ജീവനക്കാർ പറയുന്നത്. ജീവനക്കാരുടെ മറുപടിയിൽ തൃപ്തരല്ലെന്നും പൊലീസിൽ പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി.