ജീവിതശൈലിയിൽ മൂന്ന് പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തിയാൽ കാൻസറിനെ പ്രതിരോധിക്കാം

ജനിതകം മുതൽ പാരിസ്ഥിതികവും, ജീവിതശൈലിയും വരെ കാൻസറിന് കാരണമാകാറുണ്ട്. എന്നിരുന്നാലും ചില കാൻസറുകൾ നേരത്തേ പ്രതിരോധിക്കാവുന്നവയുമാണ് എന്ന് പറയുകയാണ് ഒരു പഠനം. ജീവിതശൈലിയിൽ മൂന്ന് പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തിയാൽ കാൻസറിനെ പ്രതിരോധിക്കാം എന്നുപറയുകയാണ് ഈ പഠനത്തിലൂടെ ​ഗവേഷകർ. അമേരിക്കയിലെ മാസ് ജനറൽ ബ്രി​ഗാമിൽ നിന്നുള്ള ​ഗവേഷകരാണ് ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത് കാൻസർ പ്രതിരോധത്തിൽ സ്ക്രീനിങ്ങുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. സ്തനാർബുദം, കോളൻ കാൻസർ തുടങ്ങിയ പല കാൻസറുകളും നേരത്തേയുള്ള സ്ക്രീനിങ്ങുകളിലൂടെ രോ​ഗസ്ഥിരീകരണം നടത്താവുന്നതും അപകടാവസ്ഥ പ്രതിരോധിക്കാവുന്നതുമാണ്. ലക്ഷണങ്ങൾ കാണുമ്പോൾ കാൻസറാകുമെന്ന് ഭയന്ന് സ്ക്രീനിങ്ങുകൾക്ക് തയ്യാറാകാത്തതാണ് പലരുടെയും പ്രധാനപ്രശ്നമെന്നും ഗവേഷകർ പറയുന്നു. ​​കാൻസർ സാധ്യത കുറയ്ക്കാനും ​ഗുരുതരാവസ്ഥയിലേക്ക് എത്തുംമുമ്പേ തിരിച്ചറിയാനും സ്ക്രീനിങ്ങ് പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും രക്തബന്ധത്തിലുള്ളവർക്ക് കാൻസറുണ്ടെങ്കിൽ നിർബന്ധമായും സ്ക്രീനിങ് നടത്തിയിരിക്കണമെന്നും ​ഗവേഷകർ പറയുന്നു. കാൻസറും ഉറക്കം തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും കാൻസർ പ്രതിരോധത്തിന് സുഖകരമായ ഉറക്കം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ​ഗവേഷകർ പറയുന്നു. ഉറക്കക്കുറവും ഒവേറിയൻ കാൻസറും സംബന്ധിച്ച പലപഠനങ്ങളും നടന്നിട്ടുമുണ്ട്. കൂടാതെ പഞ്ചസാര പാനീയങ്ങൾക്ക് അടിമകൾ ആകുന്നതും കാൻസറിന് കാരണമാകാറുണ്ട്. ദിവസവും ഇത്തരത്തിലുള്ള പാനീയങ്ങൾ കുടിക്കുന്നവരിൽ അമിതവണ്ണവുമായി ബന്ധപ്പെട്ടുള്ള കാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നുണ്ട്. അതിനാൽ ഇവയുടെ ഉപയോ​ഗം കുറയ്ക്കുന്നതും കാൻസർ പ്രതിരോധത്തിന് സഹായകമാകും എന്ന് ഗവേഷകർ വിശദീകരിക്കുന്നു.