സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നതെന്നും അതിനാൽ രോഗലക്ഷണങ്ങളുണ്ടായാൽ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും വേണമെന്നും എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ കേസുകളുടെ സാധ്യത മുന്നിൽ കണ്ട് എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങളൊരുക്കാനും, എയർപോർട്ടുകളിലുൾപ്പെടെ അവബോധം ശക്തിപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകി .കോവിഡ് 19 , എച്ച്1 എൻ1 ഇൻഫ്‌ളുവൻസ എന്നിവയെപ്പോലെ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധത്തിലേർപ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെയാണ് രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. രോ​ഗസാഹചര്യത്തിൽ ത്വക് രോഗ വിദഗ്ധരുടെ യോഗം ചേർന്നിരുന്നുവെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി . ഐഎംഎയുടെ സഹകരണത്തോടെ സ്വകാര്യ മേഖലയിലെ ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, ഡെർമറ്റോളജിസ്റ്റ് എന്നിവരെ കൂടി ഉൾപ്പെടുത്തി യോഗം ചേരാൻ തീരുമാനമായി. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ ജാഗ്രതയോടെയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന് ഫീൽഡ് ആരോഗ്യ പ്രവർത്തകരുടെ യോഗം വിളിച്ചുചേർക്കാനും തീരുമാനമായതായി മന്ത്രി കൂട്ടിച്ചേർത്തു.