ലോകത്താകമാനം ഹ്രസ്വദൃഷ്ടി യുള്ള കുട്ടികളുടേയും കൗമാരക്കാരുടേയും എണ്ണം വർധിക്കുന്നതായി പഠനം.ചൈനയിലെ സുൻ യാറ്റ് സെൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അടുത്തുള്ള വസ്തുക്കൾ കാണാൻ കഴിയുകയും ദൂരെയുള്ള വസ്തുക്കൾ ശരിയായി കാണാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹ്രസ്വദൃഷ്ടി. കോവിഡിന് ശേഷമാണ് ഇത്തരമൊരു വർധനവെന്നും 2050-ഓടെ കണക്കുകൾ 40 ശതമാനം കൂടിയേക്കാമെന്നും ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയുടെ പഠന റിപ്പോർട്ടിൽ വ്യക്തമാകുന്നു. അമ്പത് രാജ്യങ്ങളിൽ നിന്നായി 50 ലക്ഷം കുട്ടികളെയും കൗമാരക്കാരേയും ഉൾപ്പെടുത്തിയുള്ള 286 പഠനങ്ങൾ വിലയിരുത്തിയാണ് ഗവേഷകർ പഠനം നടത്തിയത്. ലോക്ഡൗണിനെ തുടർന്ന് കുട്ടികൾ വീടിന് പുറത്തേക്കുപോയി കളിക്കുന്നത് കുറഞ്ഞതും സ്ക്രീൻ ടൈം കൂടിയതും കണ്ണുകളെ മോശമായി ബാധിച്ചു. ഏഷ്യയാണ് കണക്കുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് . ജപ്പാനിലെ 85 ശതമാനം കുട്ടികൾക്കും ദക്ഷിണകൊറിയയിലെ 73 ശതമാനം കുട്ടികൾക്കും ഹ്രസ്വദൃഷ്ടി ഉള്ളതായി പഠനത്തിൽ വ്യക്തമാക്കി. മയോപിയ ബാധിതരായ കുട്ടികൾ ഏറ്റവും കുറവുളള രാജ്യങ്ങൾ, യു.കെ, അയർലൻഡ്, യു.എസ് എന്നിവടങ്ങളാണ്, ഇവിടെ 15 ശതമാനമാണ് മയോപിയ ബാധിതരായ കുട്ടികളുള്ളത്. 1990-നും 2023-നും ഇടയിൽ മയോപിയ ബാധിക്കുന്ന കുട്ടികളുടെ എണ്ണം മൂന്ന് മടങ്ങ് വർധിച്ചതായും ഗവേഷകർ വ്യക്തമാക്കുന്നു.