മസ്തിഷ്‌കത്തിനുളളിലെ രക്തസ്രാവം മൂലമുണ്ടാകുന്ന 14% മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും പിന്നില്‍ വായു മലിനീകരണമാണ്‌ വില്ലനെന്ന് പഠന റിപ്പോർട്ട്

മസ്തിഷ്‌കത്തിനുളളിലെ രക്തസ്രാവം മൂലമുണ്ടാകുന്ന 14% മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും പിന്നില്‍ വായു മലിനീകരണമാണ്‌ വില്ലനെന്ന് പഠന റിപ്പോർട്ട്. ദ ലാൻസെറ്റ് ന്യൂറോളജി എന്ന ജേര്ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യ, യുഎസ്, ന്യൂസിലന്‍ഡ്, ബ്രസീല്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്. അന്തരീക്ഷ മലിനീകരണം, ഉയര്‍ന്ന താപനില, മെറ്റബോളിസത്തിലുണ്ടാകുന്ന വൈകല്യങ്ങൾ എന്നിവ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ ലോകത്താകമനം സ്‌ട്രോക്ക് കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കുന്നതിന് കരണമായിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വായു മലിനീകരണവും ഉയര്‍ന്ന താപനിലയും സട്രോക്ക് ഉണ്ടാകുന്നതില്‍ വലിയ പങ്കുവഹിക്കുന്നതായി പഠനത്തിനു നേതൃത്വം വഹിച്ച ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇന്ത്യ, നൈജീരിയ, ബംഗ്ലാദേശ് പോലുള്ള വികസ്വര രാജ്യങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.