പൂർണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് അണുബാധയേറ്റയാളുടെ സി.ടി. സ്കാൻ ചിത്രം പങ്കുവെച്ച് ഡോക്ടർ

പൂർണമായി വേവിക്കാത്ത പന്നിയിറച്ചി കഴിച്ച് അണുബാധയേറ്റയാളുടെ സി.ടി. സ്കാൻ ചിത്രം പങ്കുവെച്ച് ഡോക്ടർ. ഫ്ലോറി‍ഡ‍ എമർജൻസി ഡിപ്പാർട്മെന്റിൽ നിന്നുള്ള ഡോ. സാം ​ഗാലിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വേവിക്കാത്ത പന്നിയിറച്ചി കഴിച്ച രോ​ഗിയുടെ കാലുകളിൽ ​ഗുരുതരമായ രീതിയിൽ പാരസൈറ്റ് ഇൻഫെക്ഷൻ ബാധിച്ചതാണ് സി.ടി. സ്കാനിലുള്ളത്. പിന്നാലെ രോ​ഗിയെ ബാധിച്ചത് സിസ്റ്റിസിർകോസിസ് എന്ന പാരസൈറ്റ് ഇൻഫെക്ഷനാണെന്നും ഡോക്ടർ വ്യക്തമാക്കി. ടീനിയ സോലിയം എന്ന നാടവിരയിലെ മുട്ടകളിൽ നിന്നാണ് അണുബാധയുണ്ടാകുന്നത്. പന്നിയിറച്ചി നന്നായി വേവിക്കാത്തതുമൂലം അതിലുള്ള നാടവിരയിലെ ലാർവൽ സിസ്റ്റുകൾ ശരീരത്തിലെത്തിയാണ് അണുബാധയുണ്ടാകുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി. ഇവ ശരീരത്തിലെത്തി അഞ്ചുമുതൽ പന്ത്രണ്ട് ആഴ്ചകൾക്കുള്ളിൽ ദഹനനാളത്തിൽ വച്ചുതന്നെ പൂർണവളർച്ചയെത്തിയ നാടവിരകളായി മാറി, പിന്നീട് മുട്ടകൾ ഉത്പാദിപ്പിക്കുകയും മനുഷ്യവിസർജത്തിലൂടെ പുറന്തള്ളുകയും ചെയ്യും. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുക വഴിമാത്രമേ ഇവ സിസ്റ്റിസിർകോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകൂ. തലവേദന, ആശയക്കുഴപ്പം, ചുഴലി തുടങ്ങി പലവിധ നാഡീസംബന്ധമായ രോ​ഗങ്ങൾക്കും ഇത് കാരണമാകാമെന്ന് ഡോക്ടർ പറയുന്നു. പലപ്പോഴും സിസ്റ്റിസിർകോസിസിന്റെ രോ​ഗസ്ഥിരീകരണം വൈകുന്നതാണ് പ്രധാനവെല്ലുവിളിയെന്നും ഡോ. സാം കുറിക്കുന്നു. ഇത്തരം അണുബാധ ഉണ്ടാകാതിരിക്കാൻ പരമാവധി ശുചിത്വം പാലിക്കുക, കൈകൾ വൃത്തിയായി കഴുകുക, വേവിക്കാത്ത പന്നിയിറച്ചി കഴിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.