മസ്തിഷ്‌കാഘാതം വന്നവരുടെ കൈകളുടെ ചലനശേഷി വീണ്ടെടുക്കാൻ ഇനി യന്ത്ര മനുഷ്യൻ വരുന്നു

മസ്തിഷ്‌കാഘാതം വന്നവരുടെ കൈകളുടെ ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന യന്ത്രമനുഷ്യനെ വികസിപ്പിച്ച് മദ്രാസ് ഐ.ഐ.ടി.യും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജും. ഫിസിയോ തെറാപ്പിസ്റ്റിന്റെ ജോലിചെയ്യുന്ന കുഞ്ഞൻ റോബോട്ടിന് പ്ലഗ് ആൻഡ് ട്രെയിൻ റോബോട്ട് ഫോർ ഹാൻഡ് ന്യൂറോ റീഹാബിലിറ്റേഷൻ, പ്ലൂട്ടോ എന്നാണ് പേരിട്ടിരിക്കുന്നത്. ചെറിയ സ്യൂട്ട്കേസിൽ ഒതുക്കാവുന്ന വലുപ്പമേ ഇതിനുള്ളൂ. രാജ്യത്തെ വിവിധ ആശുപത്രികളിൽ ആയിരത്തിലേറെ രോഗികളിൽ പരീക്ഷിച്ച് പ്ലൂട്ടോയുടെ പ്രയോഗക്ഷമത ഉറപ്പുവരുത്തിയതായി സി.എം.സി. അധികൃതർ വ്യക്തമാക്കി. അടുത്തഘട്ടത്തിൽ വീട്ടിൽക്കഴിയുന്ന രോഗികളിൽ പരീക്ഷണം നടത്തും. ഫിസിയോ തെറാപ്പി ഉൾപ്പെടെയുള്ള പരിചരണത്തിലൂടെ മസ്തിഷ്‌കാഘാതത്തിന്റെ പ്രശ്‌നങ്ങൾ ലഘൂകരിക്കാനും രോഗികളെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരാനും സാധിക്കും. തുടർച്ചയായി നൽകണമെന്നതും ചെലവ് ഏറെയാണെന്നതുമാണ് ഇതിന് തടസ്സം. ചെലവുകുറഞ്ഞ തുടർപരിചരണം ലഭ്യമാക്കാൻ പ്ലൂട്ടോ സഹായിക്കും.