കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി; വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര പിന്‍വലിക്കില്ല

    തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സൗജന്യ യാത്ര പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്വകാര്യ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ കത്ത് മന്ത്രി തള്ളി.

    കണ്‍സഷന് വരുമാന പരിധി നിശ്ചയിക്കണമെന്നും സ്വകാര്യ ബസുകളുടെ ദൂരപരിധി 140 കിലോമീറ്ററാക്കി നിജപ്പെടുത്തണമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിലൂടെ പ്രതിവര്‍ഷം 105 കോടിയുടെ വരുമാന നഷ്ടം കെ.എസ്.ആര്‍.ടി.സിയ്ക്ക് ഉണ്ടാകുന്നതായി രാജമാണിക്യം കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി പരിഷ്‌കാരം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള സുശീല്‍ ഖന്ന സമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ എന്തെങ്കിലും നടപടികള്‍ തുടങ്ങൂ എന്നും മന്ത്രി പറഞ്ഞു.