വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ 116 പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി . അധിക മോര്‍ച്ചറി സൗകര്യങ്ങളും മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധം ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. ജലജന്യ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കൂടാതെ വയനാടിലേക്ക് കൂടുതല്‍ മരുന്നുകളെത്തിച്ചിട്ടുണ്ടെന്നും വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ ഗര്‍ഭിണികളുടേയും കുട്ടികളുടേയും കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുടെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ടെലിഫോണ്‍ വഴിയുള്ള കൗണ്‍സലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങള്‍ക്കുമായി ടെലി മനസ് ശക്തിപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.