വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 44 പേരുടെ മരണം സ്ഥിരീകരിച്ചു

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 44 പേരുടെ മരണം സ്ഥിരീകരിച്ചു. നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് പുഴയിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ രണ്ട് തവണയാണ് ഉരുൾപൊട്ടിയത്. രാവിലെ വീണ്ടും ഉരുൾപൊട്ടിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകൾ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. ഇവിടത്തെ വെള്ളാർമല സ്‌കൂൾ പൂർണമായും മണ്ണിനടിയിലായി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനിയറിങ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും. സംഭവസ്ഥലത്ത് പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.