ശരീരത്തിൽ ടാറ്റൂ ചെയ്യുന്നതിന് ഉപയോഗിക്കുന്ന മഷി അണുബാധകൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പഠന റിപ്പോർട്ട്

ശരീരത്തിൽ ടാറ്റൂ ചെയ്യുന്നതിന് ഉപയോഗിക്കുന്ന മഷി അണുബാധകൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പഠന റിപ്പോർട്ട്. എഫ്ഡിഎയുടെ നാഷണൽ സെൻ്റർ ഫോർ ടോക്സിക്കോളജിക്കൽ റിസർച്ചിലെ മൈക്രോബയോളജിസ്റ്റായ കിം ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അപ്ലൈഡ് ആൻഡ് എൻവയോൺമെൻ്റൽ മൈക്രോബയോളജി ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചർമ്മത്തിൽ ആഴത്തിൽ കുത്തിവയ്ക്കുന്ന ഇത്തരം ടാറ്റൂ മഷികൾ വഴി ശരീരത്തിന് ദോഷകരമായ വസ്തുക്കളോ, അണുക്കളോ എളുപ്പത്തിൽ രക്തത്തിലൂടെയും ലിംഫറ്റിക് സിസ്റ്റങ്ങളിലൂടെയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാം. ഈ ബാക്റ്റീരിയകൾ പിന്നീട് എൻഡോകാർഡിറ്റിസ്, ഹാർട്ട് ലൈനിംഗിനു മാരകമായ വീക്കം, സെപ്റ്റിക് ഷോക്ക്, പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾ ഉണ്ടാക്കാം, ചിലപ്പോൾ അവയവ തകരാറു വരെ സംഭവിച്ചേക്കാം എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഒന്നിലധികം അല്ലെങ്കിൽ വലിയ ടാറ്റൂകളുള്ള ആളുകൾക്ക് ഇത്തരം മഷിയിൽ നിന്നുള്ള അപകടസാധ്യത കൂടുതലാണ് എന്നും പഠനം പറയുന്നു. മാത്രമല്ല കണ്ണിന് ചുറ്റും ഈ മഷികൾ കൊണ്ട് സ്ഥിരമായ മേക്കപ്പ് ചെയ്യുന്നവരുടെ കണ്ണിലേക്ക് മഷിയിൽ ഉള്ള അണുക്കൾ പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും എന്നും പഠനം പറയുന്നു. ടാറ്റൂ മഷികളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ ഉൽപ്പന്നങ്ങൾ തുടർച്ചയായി നിരീക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയാണ് പഠനം.