ഗുജറാത്തിൽ വ്യാപകമായി ചാന്ദിപുര വൈറസ് ബാധ

ഗുജറാത്തിൽ വ്യാപകമായി ചാന്ദിപുര വൈറസ് ബാധ. സംസ്ഥാനത്ത് ഞായറാഴ്ച 13 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 84 ആയി. ഒൻപത് മാസം മുതൽ 14 വയസ്സു വരെയുള്ള കുട്ടികളെയാണു രോഗം പ്രധാനമായും ബാധിക്കുന്നത്. 27 ജില്ലകളിലായാണു രോഗം സ്ഥിരീകരിച്ചത്. ചാന്ദിപുര വൈറസ് രോഗം ബാധിച്ച് 32 പേർ ഇതിനകം മരിച്ചിരുന്നു. അഹമ്മദാബാദ്, ബനസ്‌കന്ത, സുരേന്ദ്രനഗർ, ഗാന്ധിനഗർ, ഖേദ, മെഹ്‌സാന, നർമദ, വഡോദര, രാജ്കോട്ട് എന്നീ ജില്ലകളിലായാണു പുതിയ രോഗബാധിതർ ഉള്ളത്. പുണെയിലെ വൈറോളജി ലാബിലാണ് രോഗം സ്ഥിരീകരിച്ചത്. ചാന്ദിപുര വൈറസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ആർഎൻഎ വൈറസ്‌, പേവിഷബാധയുണ്ടാക്കുന്ന റാബിസ്‌ വൈറസിന്റെ കുടുംബമായ റാബ്‌ഡോവിറിഡയിൽ ഉൾപ്പെടുന്നതാണ്. ശക്തമായ പനി, മസ്തിഷ്കജ്വരം എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയാണു രോഗം പരത്തുന്നത്.