ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കാതെ തന്നെ ഉപ്പിന്റെ രുചി നല്‍കാന്‍ പ്രത്യേക തരം ഇലക്ട്രിക് സ്പൂണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനി

ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കാതെ തന്നെ ഉപ്പിന്റെ രുചി നല്‍കാന്‍ പ്രത്യേക തരം ഇലക്ട്രിക് സ്പൂണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനി. ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുകയാണ് സ്പൂണിന്റെ ലക്ഷ്യം. Rechargeable ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്പൂണ്‍ ഭക്ഷണത്തിന് ഉപ്പിന്റെ രുചി നാവില്‍ നല്‍കും. ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുകയാണ് ഇതിന് പിന്നിലെ ഉദ്ദേശമെന്ന് സ്പൂണിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നു. സ്പൂണിന്റെ അഗ്രഭാഗത്ത് വളരെ ചെറിയ തോതിലൂടെ വൈദ്യുതി കടത്തിവിട്ട് നാവില്‍ സോഡിയം അയണ്‍ തന്മാത്രകളെ കേന്ദ്രീകരിപ്പിച്ചാണ് ഇലക്ട്രിക് സോള്‍ട്ട് സ്പൂണ്‍ പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക്കിലും ഇരുമ്പിലും പ്രവര്‍ത്തിക്കുന്ന ഇത് ഭക്ഷണത്തിലെ ലവണാംശം ഒന്നര മടങ്ങ് വര്‍ദ്ധിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് ഇതിന്റെ തീവ്രത നാല് വ്യത്യസ്ത ലെവലുകളിലായി നിയന്ത്രിക്കാം എന്നതാണ് പ്രത്യേകത. 60 ഗ്രാമാണ് സ്പൂണിന്റെ ഭാരം. ആദ്യ ഘട്ടത്തില്‍ 200 സ്പൂണുകള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യന്‍ രൂപ 10,508 ആണ് സ്പൂണിന്റെ വില. അടുത്ത വര്‍ഷം മുതലായിരിക്കും ജപ്പാന് പുറത്ത് കമ്പനി വില്‍പ്പന ആരംഭിക്കുന്നത്.