തിങ്കളാഴ്ചകളിൽ ഹൃദയാഘാതം കൂടാൻ സാധ്യതയുണ്ടെന്ന് ​ഗവേഷകർ

തിങ്കളാഴ്ചകളിൽ ഹൃദയാഘാതം കൂടാൻ സാധ്യതയുണ്ടെന്ന് ​ഗവേഷകർ. നടി മാധുരി ദീക്ഷിതിന്റെ ഭർത്താവും പ്രശസ്ത ഹൃദ്രോ​ഗവി​ദ​ഗ്ധനുമായ ശ്രീംറാം നെനെയും ഇതേക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെകളിൽ ​ഹൃദയാഘാതസാധ്യത കൂടുതലാണെന്ന് ശ്രീ റാം നെനെ കുറിക്കുന്നു. ഈ ബ്ലൂ മൺഡേ എഫക്റ്റിനു പിന്നിലെ യഥാർഥകാരണം ഇതുവരെ തിരിച്ചറിയപ്പെട്ടിട്ടില്ല. ഒന്നിലധികം ഘടകങ്ങളാവാം കാരണമാകുന്നത്. സ്ലീപ് വേക് സൈക്കിളിനെ നിർണയിക്കുന്ന ശരീരത്തിന്റെ സിർകേഡിയൻ റിഥവുമായി ബന്ധപ്പെട്ടിരിക്കാമെന്നും ശ്രീറാം നെനെ കുറിച്ചു. തീവ്രമായ ​ഹൃദയാഘാതങ്ങൾ ഉണ്ടാകുന്നത് തിങ്കളാഴ്ചകളിലാണെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു. അയർലൻഡിലെ ബെൽഫാസ്റ്റ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റിലെയും റോയൽ കോളേജ് ഓഫ് സർജൻസിലെയും ​ഗവേഷകരാണ് പ്രസ്തുത പഠനം നടത്തിയത്. 10,528 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ വിലയിരുത്തൽ നടത്തിയത്. 2013നും 2018നും ഇടയിലുള്ള ഡേറ്റയാണ് പഠനത്തിനായി ഉപയോ​ഗിച്ചത്. നെഞ്ചുവേദന, ശ്വാസതടസ്സം, ഓക്കാനം, വയറുവേദന, ഉത്കണ്ഠ, വിയർപ്പ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെയാകും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയെന്നും ഈ വിഭാ​ഗത്തിനു ഹൃദയാഘാതം തിങ്കളാഴ്ചകളിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്തതെന്നും ​ഗവേഷകർ കണ്ടെത്തി. ശരീരത്തിന്റെ ഉറക്കത്തിന്റെയും ഉണരലിന്റെയും ​ചക്രം ആണ് ഇതിനു പിന്നിലെ കാരണം എന്നാണ് ​ഗവേഷകർ വിലയിരുത്തിയത്. 2005-ലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തിങ്കളാഴ്ചകളിൽ കൂടുന്നതായി പഠനം പുറത്തുവന്നിരുന്നു. വാരാന്ത്യങ്ങളിലുള്ള അമിതമദ്യപാനവും മറ്റുമാവാം ഇതിന് കാരണമാവുന്നത് എന്നാണ് ​ഗവേഷകർ പറഞ്ഞത്. വരുന്ന ആഴ്ചയെക്കുറിച്ചുള്ള ആശങ്കയും ജോലിസംബന്ധമായ കാര്യങ്ങൾ ഓർത്തുള്ള സമ്മർദവും തിങ്കളാഴ്ചകളിലെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നു വ്യക്തമാക്കുന്ന പഠനങ്ങളും പുറത്തുവന്നിരുന്നു. ഞായറാഴ്ചകളിൽ തൊട്ടടുത്ത ആഴ്ചയെക്കുറിച്ച് ആലോചിച്ച് അഡ്രിനാലിനും കോർട്ടിസോളുമൊക്കെ ശരീരത്തിൽ ഉയരുന്നത് രക്തസമ്മർദത്തിനും ഹൃദ്രോ​ഗങ്ങൾക്കും കാരണമാകാം എന്നും പഠനങ്ങൾ പറയുന്നുണ്ട്.