പന്തളത്ത് വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൂട്ടിച്ച് അധികൃതർ

പന്തളത്ത് വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൂട്ടിച്ച് അധികൃതർ. ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് മസാല പുരട്ടി വച്ച നിലയിലാണ് ഇവിടെ നിന്ന് ഇറച്ചി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പരാതി വന്നിരുന്നു. ഇതോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. അതേസമയം, നാദാപുരം വളയം പഞ്ചായത്തിൽ ആരോഗ്യവിഭാഗം അധികൃതർ നടത്തിയ പരിശോധനയിൽ ഉപയോഗയോഗ്യമല്ലാത്ത മത്സ്യവും ഐസും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വളയം മത്സ്യമാർക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പ്രദേശത്തെ ഒരു വീട്ടുപരിസരത്ത് വിൽപനക്കായി സൂക്ഷിച്ച നിലയിലാണ് 15 കിലോയോളം മത്സ്യവും 40 കിലോ ഐസും കണ്ടെത്തിയത്. വളയത്തെ മത്സ്യമാർക്കറ്റിൽ മതിയായ അളവിൽ ഐസ് ഉപയോഗിക്കാതെ മത്സ്യം വിറ്റ കച്ചവടക്കാരന് നോട്ടീസ് നൽകിയിട്ടുണ്ട്. നാദാപുരം സർക്കിളിലെ ഭക്ഷ്യസുരക്ഷാവിഭാഗം ഓഫീസർ ഫെബിന അഷ്‌റഫ്, ഓഫീസ് അസിസ്റ്റൻറ് മഠത്തിൽ നൗഷീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.