കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച 26 രോഗികളെ തിരിച്ചയച്ചു. കാത് ലാബിലെ യന്ത്രത്തകരാറാണ് ചികിത്സ നിലയ്ക്കാൻ കാരണമായത്. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി പരിയാരം മെഡിക്കൽ കോളേജിൽ രണ്ട് തിയറ്ററുകളാണുള്ളത്. ഇത് രണ്ടും അടച്ചിട്ടിട്ട് ആറു മാസമായി. ഇതിനുപുറമേയാണിപ്പോൾ കാത്ത് ലാബ് പണിമുടക്കിയത്. ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതാണ് കാരണം. അതേസമയം കേടായ ട്യൂബ് വിദേശത്ത് നിന്ന് കൊണ്ടുവരാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും ഈമാസം മുപ്പതോടെ കാത്ത് ലാബ് പ്രവർത്തിപ്പിക്കുമെന്നും തിയറ്ററുകൾ നവീകരണത്തിൻറെ ഭാഗമായാണ് അടച്ചിട്ടതെന്നും ഒരു മാസത്തിനുള്ളിൽ തുറക്കുമെന്നുമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിൻറെ വിശദീകരണം.