സിസേറിയനിലൂടെ ജനിച്ച കുട്ടികള്‍ക്ക് ഒരു ഡോസ് വാക്സീന് കൊണ്ട് അഞ്ചാം പനിയെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് പഠനം. കേംബ്രിജ് സര്‍വകലാശാലയിലെയും ചൈനയിലെ ഫുഡാന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ ആണ് പഠനത്തിന് പിന്നില്‍. സ്വാഭാവിക പ്രസവം വഴി ജനിച്ച കുട്ടികളെ അപേക്ഷിച്ച്, സിസേറിയന് വഴി ജനിച്ച കുഞ്ഞുങ്ങളില്‍ അഞ്ചാം പനി വാക്സീന്റെ ആദ്യ ഡോസ് പൂര്‍ണ്ണമായും പ്രയോജനരഹിതമാണെന്ന് പഠനത്തില്‍ വ്യക്തമാക്കി. അതിനാല്‍ അഞ്ചാം പനിയില്‍ നിന്ന് പരിപൂര്‍ണ്ണ സംരക്ഷണത്തിന് സിസേറിയന് വഴി ജനിച്ച കുട്ടികള്‍ക്ക് രണ്ട് ഡോസ് വാക്സിന് നല്‍കേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. രണ്ട് മാര്‍ഗ്ഗത്തിലൂടെയും ഉണ്ടാകുന്ന കുട്ടികളുടെ വയറിലെ സൂക്ഷ്മജീവികളുടെ സംവിധാനത്തില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് ഇതിന് കാരണം. ചൈനയിലെ ഹുനാനിലുള്ള 1500 കുട്ടികളിലാണ് പഠനം നടത്തിയത്. സിസേറിയന് പ്രസവങ്ങള്‍ കുഞ്ഞുങ്ങളുടെ വയറിലെ സൂക്ഷ്മജീവി സംവിധാനം വളരാന്‍ കാലതാമസമുണ്ടാക്കുമെന്നും അതവരുടെ പ്രതിരോധ സംവിധാനത്തെ കാര്യമായി ബാധിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നേച്ചര്‍ മൈക്രോബയോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.