പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി

പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് ഈ നിർദേശം. ഇത് കൂടാതെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ് ,വാട്ടർ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ഒരാഴ്ചക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിൻ്റെ ഫലമായാണോ ഇത് സംഭവിച്ചതെന്ന് CCTV കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കുറ്റക്കാരായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ അടിയന്തരമായി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെൻ്റൽ എഞ്ചിനീയർക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തെ ജലത്തിൻ്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ചിട്ടുണ്ട്. അത് കുഫോസ് സെൻട്രൽ ലാബിലേക്ക് പരിശോധനക്കായി നൽകിയിട്ടുണ്ട്. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകും. മത്സ്യസമ്പത്തിൻ്റെ നാശനഷ്ടം കണക്കാക്കി മൂന്നു ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും നിർദ്ദേശം നൽകി.