ഇടുക്കി ജില്ലയിൽ വിവിധ ഇടങ്ങളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊതുക് നിർമാർജനത്തിന് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ എൽ. മനോജ്. കേസുകൾ കൂടിയ പ്രദേശങ്ങളിൽ ഫോഗിങ്ങളും കുറഞ്ഞ ഇടങ്ങളിൽ സ്പ്രേയിങ്ങുമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.
വീടുകൾ തോറും ഡ്രൈഡേ ആചരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വെള്ളം സൂക്ഷിച്ചുവെക്കുന്ന ബക്കറ്റുകൾ ഉൾപ്പെടെയുള്ള പത്രങ്ങൾ മൂടിവെക്കുക. കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ഇത്തരം ഇടങ്ങളിൽ കൊതുകുകൾ പെറ്റുപെരുകിയതായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധി സാധ്യത കൂടിയ സ്ഥലങ്ങൾ, കുറഞ്ഞ സ്ഥലങ്ങൾ എന്നിങ്ങനെ തരംതിരിച്ചാകും പ്രവർത്തനങ്ങൾ നടത്തുക. രോഗസാധ്യത കൂടുതലുള്ള സ്ഥലങ്ങൾ ഹോട്ട്സ്പോട്ടുകളാക്കി തിരിച്ചായിരിക്കും പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുക.