ആലപ്പുഴ ജില്ലയിൽ എച്ച്1 എൻ1 പനി പടരുന്നു. 11 ദിവസത്തിനകം എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണപനിയുടെ ലക്ഷണങ്ങളാണെങ്കിലും വായുവിലൂടെ പകരുന്നതിനാൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. സംസ്ഥാനത്ത് 147 പേർക്കാണ് രോഗം സ്ഥീകരിച്ചത്. ഒരുമരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ ആറുപേർക്ക് ഈമാസം തന്നെ രോഗം പിടിപ്പെട്ടിരുന്നു. ദിവസവും കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പ്രതിരോധ മരുന്നായ ഒസൾട്ടാമിവർ ക്യാപ്സ്യൂളിന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ജില്ലയിലെ ഭൂരിഭാഗം ആരോഗ്യസ്ഥാപനങ്ങളിലും 50 മുതൽ 100 കാപ്സൂൾ വരെ മാത്രമാണ് സ്റ്റോക്കുള്ളത്. ഒസൾട്ടാമിവർ എത്തിച്ചില്ലെങ്കിൽ പ്രതിരോധം താളം തെറ്റുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. എന്നാൽ ഇത് പരിഹരിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ദിവസവും 500ലധികം പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നത്.
വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്ക് ധരിക്കുക. പനിബാധിതരിൽ നിന്ന് അകലം പലിക്കുക, പൊതുസ്ഥലത്ത് തുപ്പുന്നതും മൂക്കുചീറ്റുന്നതും ഒഴിവാക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല, ടിഷ്യുപേപ്പർ എന്നിവ ഉപയോഗിക്കുക, പുറത്തുപോയി വന്നാൽ കൈയും മുഖവും നന്നായി കഴുക. ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ എത്രയും വേഗം വൈദ്യസഹായം തേടണം. പനി, ചുമ, തൊണ്ടവേദന, തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസ തടസ്സം, ഛർദി ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയും വേഗം ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.