ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ നിർദ്ദേശം; കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം

ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ നിർദ്ദേശവുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ഓൺലൈൻ പോർട്ടലുകളിലും, മറ്റു പ്ലാറ്റ്‌ഫോമുകളിലുമാണ് ഇവ ഹെൽത്ത് ഡ്രിങ്ക്സ് എന്ന വിഭാഗത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അന്വേഷണത്തിൽ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന ആരോഗ്യകരമായ പാനീയങ്ങൾ രാജ്യത്ത് ഇല്ലെന്ന് കണ്ടെത്തി. ഈ പേരിൽ ഉത്പന്നങ്ങൾ നൽകുന്നത് നിയമ വിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. ബോൺവിറ്റയിൽ അനുവദിച്ചതിൽ കൂടുതൽ അളവിൽ പഞ്ചസാരയുടെ സാന്നിധ്യം കണ്ടെത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയും, ആരോഗ്യകരമായ പാനീയങ്ങൾ എന്ന പേരിൽ നൽകുകയും ചെയ്യുന്ന കമ്പനികൾക്കെതിരെ നടപടി വേണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ fassai യോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. പാൽ, മാൾട്ട്, സെറീൽസ് എന്നിവ ഉപയോഗിച്ചുള്ള പാനീയങ്ങളെ ഹെൽത്ത് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ എന്ന പേരിൽ ലേബൽ ചെയ്യുന്നതിനു എതിരെ ഇ-കൊമേഴ്‌സ് പോർട്ടലുകൾക്ക് FASSAI നിർദേശം നൽകി. ഹെൽത്ത് ഡ്രിങ്ക് അഥവാ എനർജി ഡ്രിങ്ക് എന്ന വിഭാഗത്തിൽ നിന്ന് ഇത്തരം പാനീയങ്ങൾ നീക്കം ചെയ്ത് നിയമം അനുശാസിക്കുന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തി വിൽക്കണം എന്നുമാണ് മന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്.