താപനില വ്യത്യാസം പക്ഷാഘാത കണക്കുകളും, അത് മൂലമുണ്ടായ മരണക്കണക്കുകളും കൂട്ടിയെന്നു പഠനം. അന്താരാഷ്ട്ര ആരോഗ്യ/കാലാവസ്ഥാ നിരീക്ഷകരാണ് പഠനത്തിന് പിന്നിൽ. 30 വർഷമായി വർധിച്ചുവരുന്ന പക്ഷാഘാത മരണങ്ങളിൽ കാലാവസ്ഥ വ്യതിയാനം ഒരു ഘടകമാണെന്ന് പഠനം പറയുന്നു. മനുഷ്യ ശരീരത്തേക്കാൾ താപനില കൂടുകയോ കുറയുകയോ ചെയ്താൽ പക്ഷാഘാതമുണ്ടാകാൻ സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ചൂട് കൂടുതലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലാണ് പക്ഷാഘാതം വൻതോതിൽ ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നത്. 2019ൽ മാത്രം അഞ്ചര ലക്ഷം ആളുകളാണ് ഇത്തരത്തിൽ പക്ഷാഘാതത്തിൽ മരിച്ചത്. 10 വയസിന് മുകളിലുള്ളവരെയാണ് പക്ഷാഘാതം കൂടുതലായും ബാധിക്കുന്നത്. ഇന്ത്യയിൽ 33,000 ആളുകളാണ് കാലാവസ്ഥാ പക്ഷാഘാതം കാരണം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. കാലാവസ്ഥ മൂലമുണ്ടായ മരണക്കണക്കുകളിൽ 55 ശതമാനം ആളുകളും മരിച്ചത് ചൂട് കൂടിയതിനാൽ ഉള്ള പക്ഷാഘാതത്തെത്തുടർന്നാണ്. പ്രായക്കുടുതൽ ഉള്ളവർക്ക് പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണ് എന്നും പഠനം കൂട്ടി ചേർക്കുന്നു. the medical journal of the American Academy of Neurology യിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.