മധ്യവയസ്ക്കരിൽ അര്‍ബുദം രോഗികളുടെ എണ്ണം വര്‍ധിച്ചതായി പഠന റിപ്പോർട്ട്. മധ്യവയസ്ക്കരിലെ അര്‍ബുദം മൂലമുള്ള മരണനിരക്ക് കഴിഞ്ഞ 25 വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞതായി യുകെയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അര്‍ബുദം മൂലം മരണപ്പെടുന്ന മധ്യവയസ്ക്കരുടെ നിരക്ക് കുറഞ്ഞെങ്കിലും അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിച്ചതായി പഠനം ചൂണ്ടിക്കാട്ടി. ലീഡ്സ് സര്‍വകലാശാല, ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജ്, സ്കോട്ലാന്ഡ് പബ്ലിക് ഹെല്‍ത്ത് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. യുകെയിലെ 35 മുതല്‍ 69 വരെ പ്രായക്കാരുടെ അര്‍ബുദം ബാധിച്ചുള്ള മരണ നിരക്ക് മൂന്നിലൊന്നായി കുറഞ്ഞതായി പഠനം പറയുന്നു. പുകവലി രഹിത നയങ്ങള്‍, അര്‍ബുദം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍, നേരത്തെയുള്ള രോഗനിര്‍ണ്ണയം, മികച്ച ചികിത്സ എന്നിവയെല്ലാം അര്‍ബുദ മരണ നിരക്ക് കുറഞ്ഞതിന് കാരണമായി. ഉയരുന്ന ജനസംഖ്യ, ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍ എന്നിവയാണ് ഇതിന് പിന്നിലെ കാരണങ്ങളായി പഠനം പറയുന്നത്. മെലനോമ, കരള്‍ അര്‍ബുദം, വായിലെ അര്‍ബുദം, വൃക്ക അര്‍ബുദം എന്നിവയുടെ നിരക്കിലും വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് അടിവരയിടുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍, മദ്യപാനം, അമിതവണ്ണം, പുകവലി എന്നിവയുമായി ബന്ധപ്പെട്ട അര്‍ബുദങ്ങളുടെ മരണനിരക്ക് കുറയുന്നില്ലെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.