സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ചരിത്ര നേട്ടം. അരിവാൾ കോശ രോഗിയിൽ ആദ്യമായി ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മാനന്തവാടി വയനാട് ഗവ. മെഡിക്കൽ കോളേജ്. സിക്കിൾസെൽ രോഗിയായതിനാൽ അതീവ സൂക്ഷ്മതയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഓർത്തോപീഡിക്സ് വിഭാഗത്തിന്റേയും മെഡിസിൻ വിഭാഗത്തിന്റെയും കൂട്ടായ പ്രയത്നത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് ഇടുപ്പ് വേദനയുമായി 35കാരിയായ രോഗി വയനാട് മെഡിക്കൽ കോളജിലെത്തുന്നത്. ഓർത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോക്ടർ രോഗിയെ പരിശോധിച്ച് അണുബാധയുടെ ഫലമായുണ്ടാകുന്ന ഓസ്റ്റിയോമൈലൈറ്റിസ് എന്ന അസുഖമാണെന്ന് കണ്ടെത്തി. സിക്കിൾസെൽ രോഗികളിൽ കാണുന്ന അതീവ ഗുരുതര അവസ്ഥയാണിത്. പരിശോധനയിൽ ‘അവാസ്‌കുലാർ നെക്രോസിസ്’ കാരണമാണ് ഇതുണ്ടായതെന്ന് കണ്ടെത്തി. ആദ്യഘട്ടത്തിൽ ഇടതുഭാഗത്തെ ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ നടത്തി. പിന്നീട് ഫെബ്രുവരി 15ന് വലതുഭാഗത്തും ശസ്ത്രക്രിയ നടത്തി. നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമായി വരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.