സംസ്ഥാനത്തെ ദന്തൽ മേഖലയ്ക്ക് ദേശീയതലത്തിൽ അംഗീകാരം

സംസ്ഥാനത്തെ ദന്തൽ മേഖലയ്ക്ക് ദേശീയതലത്തിൽ അംഗീകാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ന്യൂഡൽഹി എയിംസിലെ സെന്റർ ഫോർ ദന്തൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ചും ഡൽഹിയിൽ വച്ച് സംഘടിപ്പിച്ച നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാം ദേശീയ അവലോകന യോഗത്തിൽ കേരളത്തിന് അഭിനന്ദനം അറിയിച്ചു. ദന്താരോഗ്യ രംഗത്ത് കേരളത്തിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. സംസ്ഥാനം നടപ്പിലാക്കുന്ന ദന്താരോഗ്യ പദ്ധതികളായ മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം തുടങ്ങിയ പദ്ധതികൾ രാജ്യത്തിനു മാതൃകയാണ്. തമിഴ്നാട്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ പദ്ധതികൾ അവിടെ നടപ്പാക്കാൻ തീരുമാനിച്ചെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനം ദന്താരോഗ്യ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് ഈ ദേശീയ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കേരളത്തിൽ ഉള്ളത്ര ഡെന്റൽ ലാബുകൾ ദേശീയ തലത്തിൽ മറ്റൊരു സംസ്ഥാനത്തുമില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി.