മനുഷ്യരിലെ രക്തധമനികളിൽ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തി കാംപാനിയ സർവകലാശാലയിലെ ഗവേഷകർ. ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴുത്തിലെ പ്രധാന രക്തധമനിയിലെ കൊഴുപ്പ് അടിഞ്ഞതു നീക്കംചെയ്യാൻ ശസ്ത്രക്രിയ ചെയ്ത ഇരുനൂറോളം പേരെ പരിശോധിച്ചപ്പോഴാണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയെതെന്ന് ഗവേഷകർ വ്യക്തമാക്കി. പരിശോധനയിൽ അറുപതുശതമാനത്തോളം പേരുടെയും പ്രധാനധമനിയിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. രക്തധമനികളിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയവരിൽ ഹൃദയാഘാതത്തിനോ, പക്ഷാഘാതത്തിനോ, മരണംവരെയോ സംഭവിക്കാനുള്ള സാധ്യത 4.5 മടങ്ങ് അധികമാണെന്ന് ഗവേഷകർ വ്യക്തമാക്കി. നേരത്തേ മുലപ്പാലിലും പ്ലാസ്റ്റിക് മാലിന്യം കടന്നുകൂടിയതു സംബന്ധിച്ച പഠനം വന്നിരുന്നു. പി.വി.സി. പോളി എത്തിലിൻ, പോളി പ്രൊപ്പിലിൻ എന്നിവയാണ് പ്രധാനമായും കടന്നുകൂടിയതെന്നും പ്ലാസ്റ്റിക് കവറിലാക്കിയ ഭക്ഷണം കഴിക്കുന്നതുമുതൽ സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതുവരെ ഇതിനു കരണമാകാമെന്നും പഠനം വ്യക്തമാക്കുന്നു.