കോവിഡ് കാലഘട്ടത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ഭക്ഷ്യ അലർജി ഉൾപ്പെടെയുള്ള അലർജി രോഗങ്ങൾ കുറവാണെന്ന് പഠന റിപ്പോർട്ട്. വയറിലെ സൂക്ഷ്മാണുക്കളുടെ വളർച്ചയിൽ കോവിഡ് ലോക്ഡൗൺ ചെലുത്തിയ ഗുണപ്രദമായ സ്വാധീനമാകാം ഇതിന് പിന്നിലെന്ന് അലർജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു. അയർലൻഡിലെ ആർസിഎസ്ഐ യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസും എപിസി മൈക്രോബയോം അയർലൻഡും ചേർന്നാണ് പഠനം നടത്തിയത്. കോവിഡ് കാലഘട്ടത്തിൽ ജനിച്ച 351 നവജാതശിശുക്കളിലാണ് പഠനം നടത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി കുഞ്ഞുങ്ങളുടെ ഭക്ഷണക്രമം, വീട്ടിലെ അന്തരീക്ഷം, ആരോഗ്യം എന്നിവയെ പറ്റിയുള്ള വിവരങ്ങൾ ഗവേഷകർ ശേഖരിച്ചു. കൂടാതെ ഒരു വയസ്സിലും രണ്ട് വയസ്സിലും കുഞ്ഞുങ്ങളിൽ അലർജി പരിശോധനകൾ നടത്തുകയും ചെയ്തു. ലോക്ഡൗൺ കാലത്ത് അണുബാധ സാധ്യത കുറവായിരുന്നതും ആന്റിബയോട്ടിക് ഉപയോഗം കുറഞ്ഞതും അമ്മമാർ ദീർഘനേരം കുഞ്ഞുങ്ങളെ മുലയൂട്ടിയതും ഗുണകരമായെന്ന് ഗവേഷകർ നിരീക്ഷിച്ചു. ഇത് ഉപയോഗപ്രദമായ സൂക്ഷ്മാണുക്കൾ ഈ കുഞ്ഞുങ്ങളുടെ വയറിൽ വളരാനിടയാക്കി. ലോക്ഡൗണിന് മുൻപ് പിറന്ന ശിശുക്കളുമായി താരത്യമപ്പെടുത്തുമ്പോൾ ശ്രദ്ധേയമായ വ്യത്യാസങ്ങൾ ലോക്ഡൗൺ കാലത്തെ ശിശുക്കളുടെ വയറിലെ അണുക്കളുടെ സന്തുലനത്തിൽ ഉണ്ടായതായി ഗവേഷകർ കണ്ടെത്തി. വയറിലെ സൂക്ഷ്മ ജീവികളിലുള്ള ഈ മാറ്റത്തിന്റെ ദീർഘകാല സ്വാധീനം കണ്ടെത്താൻ ഈ കുട്ടികളെ അഞ്ച് വയസ്സിലും തുടർ പഠനത്തിന് വിധേയരാക്കാനും ഗവേഷകർ പദ്ധതിയിടുന്നു.