സംഗീതത്തിലൂടെ ഗർഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വികാസം ഉറപ്പിക്കാനാകുമെന്ന് പഠനം. ചെന്നൈ രാമചന്ദ്ര മെഡിക്കൽ സെന്ററിലെ ഡോ. പി.എം.വെങ്കിടസായിയാണ് പഠനം നടത്തിയത്. തിരുവനന്തപുരത്തു നടന്ന ഐ.എം.എ. ദേശീയസമ്മേളനത്തിലാണ് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് സംഗീതത്തിലൂടെയുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്. ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വികാസം, ബുദ്ധി, ശ്രവണമികവ്, പ്രസവാനന്തരമുള്ള കുഞ്ഞിന്റെ ഉറക്കം എന്നിവയെല്ലാം മാപ്സ് ഉപകരണം ഉപയോഗിച്ചുള്ള ബയോഫിസിക്കൽ പ്രൊഫൈൽ അസെസ്മെന്റിലൂടെ വർധിപ്പിക്കാനാകു മെന്നു പഠനം പറയുന്നു. സംഗീതത്തെയും വൈദ്യശാസ്ത്രത്തെയും സംയോജിപ്പിച്ചുള്ള മെഡി മ്യൂസിക്ടെക് എന്ന പ്ലാറ്റ്ഫോം വഴി മാപ്സ് എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്. ഗർഭസ്ഥശിശുവിന്റെ ശാരീരികവും ബൗദ്ധികവും വൈകാരികവുമായ തലങ്ങളുടെ വികാസത്തെ സംഗീതം സ്വാധീനിക്കുമെന്നാണ് ഈ പഠനത്തിലൂടെ ആരോഗ്യവിദഗ്ധരുടെ കണ്ടെത്തൽ. കുഞ്ഞിന് ശ്രവണവൈകല്യമുണ്ടെങ്കിൽ ഇതിലൂടെ തിരിച്ചറിയാനും സാധിക്കുമെന്ന് ഡോ.വെങ്കിടസായി പറയുന്നു. മൂന്നുമാസം തികഞ്ഞ 90 പേരിൽ 2018-ലാണ് മാപ്സ് ഉപയോഗിച്ചുള്ള പഠനം നടത്തിയത്.