രാവിലത്തെ ഭക്ഷണം എത്രത്തോളം വൈകിയാണോ കഴിക്കുന്നത് അത്രത്തോളം ഹൃദയാരോഗ്യം മോശമാകുമെന്ന് പഠന റിപ്പോര്‍ട്ട്. നേച്വര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആരോഗ്യകരമായ ശരീരം എന്തു കഴിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചല്ല, എപ്പോഴൊക്കെ കഴിക്കുന്നു എന്നതും പ്രധാനമാണെന്ന് ഗവേഷകര്‍ പറയുന്നു. വൈകി ഭക്ഷണം കഴിക്കുന്നവരില്‍ കലോറി എരിയുന്നതിന്റെ വേഗം കുറവാണെന്നും കൊഴുപ്പടിയാനുള്ള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ഫ്രാന്‍സിലെ 175,000 പേരുടെ പോഷകാഹാരനിലയും ആരോഗ്യവും വിലയിരുത്തിയാണ് പഠനം നടത്തിയത്. ഒരു വ്യക്തി പ്രാതല്‍ കഴിക്കുന്നത് ഏഴുമണിക്കും മറ്റൊരാള്‍ രാവിലെ പത്തുമണിക്കുമാണെങ്കില് രണ്ടാമത്തെ വ്യക്തിക്ക് ഹൃദ്രോഗസാധ്യത പതിനെട്ടുശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. അത്താഴം കഴിക്കുന്നത് വൈകിക്കുന്നവരിലും സമാനസാഹചര്യമാണ് ഉണ്ടാകുക എന്നും ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടന്നു. ഭക്ഷണത്തിന്റെ പോഷക നിലവാരത്തിനൊപ്പം കഴിക്കുന്ന സമയത്തിലും കരുതല്‍ വേണമെന്ന് ഗവേഷണം നിര്‍ദ്ദേശിക്കുന്നു.