ഭക്ഷണ ശാലകളിലെ ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി; ആരോഗ്യ മന്ത്രി വീണാ ജോർജ്

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒക്ടോബർ മാസത്തിൽ 8703 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ 564 സ്ഥാപനങ്ങളിൽ നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 30 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി. പരിശോധനകൾ ശക്തമായി തുടരുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.