ഒന്ന് പൊട്ടി ചിരിച്ചാലോ? കോമഡി ഒന്നും പറയാൻ പോകുകയല്ലട്ടോ ഞാൻ. നമുക്കറിയാം ചിരി നല്ലൊരു മരുന്നാണെന്ന്. യുവത്വം കാത്തുസൂക്ഷിക്കാൻ ചിരി സഹായിക്കും. സുന്ദരനാവാൻ മസിലുപിടിച്ചു നടന്നിട്ടൊന്നും ഒരു കാര്യമില്ല സുഹൃത്തേ. അതിനു ചിരിതന്നെയാണ് പറ്റിയ മരുന്ന്. ദേഷ്യം മാത്രമല്ല, ദുർമേദസ്സും ചിരിച്ച് ഇല്ലാതാക്കാം. ഒരു ദിവസം 10-15 മിനിറ്റ് ചിരിക്കുന്നത് ഏകദേശം 40 കലോറി കത്തിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. അതിപ്പോൾ ലാഭമായല്ലോ. നൂറുതവണ ചിരിക്കുന്നത് 15 തവണ സൈക്കിൾ ചവിട്ടുന്നതിനു തുല്യമത്രേ.
ചിരി നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇത് നമ്മുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തക്കുഴലുകൾ നന്നായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉൽക്കണ്ഠയും വിഷാദവും കുറയ്ക്കാൻ ചിരി നല്ലൊരു മരുന്നാണ്. ചിരിക്കുന്നതിലൂടെ നമ്മുടെ ആയുസ് വർധിപ്പിക്കുമെന്ന് ഒരു നോർവീജിയൻ പഠനം പറയുന്നു. ഒരു പുഞ്ചിരി പോലും നിങ്ങളുടെ മാനസികാവസ്ഥ, പ്രതിരോധശേഷി, സമ്മർദ്ദം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് വിദഗ്ദർ പറയുന്നു. നമ്മൾ ചിരിക്കുമ്പോൾ, നമ്മുടെ മസ്തിഷ്കം ഉത്തേജിപ്പിക്കപ്പെടുകയും ന്യൂറോപെപ്റ്റൈഡുകളും സെറോടോണിൻ, ഡോപാമൈൻ, എൻഡോർഫിൻ തുടങ്ങിയ ഹാപ്പി ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യും. ഈ ഹോർമോണുകൾ പ്രകൃതിദത്തമായ ആന്റീഡിപ്രസന്റുകളും വേദനസംഹാരികളുമാണ്. നമ്മൾ ചിരിച്ചാൽ, അതിപ്പോൾ യഥാർത്ഥത്തിൽ ആണെങ്കിലും വ്യാജമായിട്ടാണെങ്കിലും അത് തിരിച്ചറിയാൻ നമ്മുടെ തലക്കിച്ചോറിനു കഴിയില്ല. എങ്ങനെ ചിരിച്ചാലും നമ്മുടെ തലച്ചോർ ഹാപ്പി ഹോർമോൺസ് പുറപ്പെടുവിക്കും.
ചിരി ശരിക്കും ഒരു പകർച്ചവ്യാധി ആണ്. മറ്റ് വൈറസുകളെ പോലെ അല്ലാട്ടോ.. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണ്. അതിനാൽ, നിങ്ങൾ ആരെയെങ്കിലും തളർന്നോ വിഷാദമോ കാണുമ്പോഴെല്ലാം അവരെ നോക്കി പുഞ്ചിരിക്കുക. അത് അവരുടെ ദിവസം മെച്ചപ്പെടുത്തും. അപ്പോൾ ഇന്ന് മുതൽ ചിരിച്ചു തുടങ്ങിക്കോളൂ.