പൊതുവില്‍ മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശീയന്‍ നിപ്പയുടെ വകഭേദമാണ് കേരളത്തില്‍ കണ്ടുവരുന്നതെന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇപ്പോഴത്തെയുള്‍പ്പെടെ കേരളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ നിപ അണുബാധകളിലും, അതോടൊപ്പം വവ്വാലുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലും ഇതേ തരത്തില്‍പ്പെട്ട വൈറസിനെ തന്നെയാണ് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ രോഗബാധിതരാകുന്നവരില്‍ 70% മുതല്‍ 90% വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്. എന്നാല്‍ ഇത്തവണ കോഴിക്കോട് ഉണ്ടായ രോഗാണുബാധയില്‍ ആറുപേരില്‍ രണ്ടുപേരെയാണ് നമുക്ക് നഷ്ടമായത്, രോഗികളെ താരതമ്യേന നേരത്തെ കണ്ടെത്താനും ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാനും കഴിഞ്ഞതായിരിക്കാം മരണനിരക്ക് കുറഞ്ഞതിന് കാരണമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണയുണ്ടായ നിപ ബാധയുടെ മറ്റൊരു സവിശേഷത ആദ്യ രോഗിയില്‍ നിന്നല്ലാതെ മറ്റൊരാളിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടായില്ല എന്നതാണെന്നും മന്ത്രി വ്യക്തമാക്കി.