ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. വ്യാപിക്കുന്നതായി റിപ്പോർട്ട്. എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദമാണ് അമേരിക്കയിലും യു.കെ.യിലുമൊക്കെ തീവ്രവ്യാപനത്തിന് കാരണമായിരിക്കുന്നത്. ഒമിക്രോൺ XBB വകഭേദത്തിന്റെ ഉപവകഭേദമാണ് എറിസ്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. തീവ്രവ്യാപനശേഷിയുള്ള ഈ വകഭേദം XBB-യെ അപേക്ഷിച്ച് 20 മുതൽ 45 ശതമാനത്തോളം വ്യാപനശേഷിയുള്ളതാണ് എന്ന് വിദഗ്ധർ പറയുന്നു. മറ്റ് വകഭേദങ്ങളെപ്പോലെ തന്നെ തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മൽ, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയവയൊക്കെയാണ് എറിസിന്റെയും ലക്ഷണങ്ങൾ.