സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രധാന മെഡിക്കല്‍ കോളജുകളിലും ആരോഗ്യ വകുപ്പിന് കീഴില്‍ 10 ജില്ലാതല ആശുപത്രികളിലും സ്ട്രോക്ക് ചികിത്സ നിലവിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള രാജ്യത്തെ ആദ്യ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട സമ്പൂര്‍ണ സ്ട്രോക്ക് യൂണിറ്റ് സജ്ജമാക്കിയതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ചു നടന്ന സ്ട്രോക്ക് പഠന ശില്പശാലയില് സംസാരിക്കുകയായിരുന്നു മന്ത്രി.
പക്ഷാഘാതം അഥവാ സ്ട്രോക്ക് വന്ന രോഗികൾക്ക് രണ്ടാമതും സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് പ്രാഥമിക ഇടപെടലിലൂടെ എങ്ങനെ വീണ്ടും സ്ട്രോക്ക് വരാതെ ആരോഗ്യം സംരക്ഷിക്കാം എന്നുള്ളതിനെ കുറിച്ച് ആരോഗ്യ വകുപ്പിന് വേണ്ടി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പക്ഷാഘാത ചികിത്സാ വിഭാഗം നടത്തിയ പഠന റിപ്പോർട്ട് ശിൽപശാലയിൽ അവതരിപ്പിച്ചു. ഒരു വർഷം നീണ്ട പഠനം 896 സ്ട്രോക്ക് വന്ന രോഗികളിലാണ് നടത്തിയത്. പക്ഷാഘാതം വന്ന രോഗികളിൽ 35% പേർ മാത്രമേ ആറുമാസത്തിനുള്ളിൽ ബ്ലഡ് പ്രഷർ, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ പരിശോധനകൾ നടത്തിയിട്ടുള്ളൂ എന്നാണ് പഠന റിപ്പോർട്ട്.
കൊല്ലം ജില്ലയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. അതിനായി ആരോഗ്യവകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ എല്ലാ ഫീൽഡ്തല ജീവനക്കാർക്കും ആശാപ്രവർത്തകർക്കും പക്ഷാഘാതം വന്നവർക്ക് ചെയ്യേണ്ട തുടർനടപടികളുടെ വിദഗ്ധ പരിശീലനം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ടിന്റെ ഭാഗമായി നൽകുകയുണ്ടായി. പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകർ സ്ട്രോക്ക് വന്ന രോഗികളുടെ വീടുകളിൽ പോയി വൈദ്യ സഹായങ്ങളും മറ്റ് അനുബന്ധ സേവനങ്ങളും നൽകുകയുണ്ടായി. സ്ട്രോക്ക് വന്നവരുടെ പരിചരണം, കൃത്യമായി മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, ഫിസിയോ തെറാപ്പി, ബിപിയും, ഷുഗറും നിരീക്ഷിക്കൽ എന്നിവ ഉറപ്പാക്കി. സ്ട്രോക്ക് വന്ന രോഗി തീരെ കിടപ്പിലായി പോകാതെ അവരുടെ കൈകാലുകൾ ചലിപ്പിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വേണ്ടിവരുന്ന ഫിസിയോതെറാപ്പി കൂടി ആരോഗ്യ പ്രവർത്തകർ ഇന്റർവെൻഷന്റെ ഭാഗമായി നൽകി.
ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപാധികൾ, കഴിക്കേണ്ട ഭക്ഷണം, പ്രവർത്തനങ്ങൾ, ഫിസിയോതെറാപ്പി എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങളും പക്ഷാഘാതം വന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആരോഗ്യ വകുപ്പ് എസ്.എം.എസ്. അയയ്ക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി കൊല്ലം ജില്ലയിലെ പക്ഷാഘാതം വന്ന രോഗികളുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ സഹായകരമായതായി പഠനം വിലയിരുത്തുന്നു.
പഠനത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർ സ്ട്രോക്ക് വന്ന രോഗികളെ നിരീക്ഷിക്കാനും എൻസിഡി ക്ലിനിക്ക് വഴി തുടർപരിചരണം ഉറപ്പാക്കാനും നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, തിരുവനന്തപുരം, കൊല്ലം ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പ്രോഗ്രാം മാനേജർമാർ, ശ്രീചിത്രയിലെ ഡോക്ടർമാർ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്തു.